ആച്ചെ നഗരവും ‘സെറാമ്പി മക്കയും’
പുരാതന കാലം മുതൽ അറേബ്യയിൽ നിന്നും പേർഷ്യയിൽ നിന്നുമുള്ള വ്യാപാരികൾ ഇന്തോനേഷ്യയുടെ വടക്കൻ ദ്വീപ സമൂഹങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നു, ഇസ്ലാം അതിന്റെ ആവിർഭാവ കാലഘട്ടത്തിൽ തന്നെ അവിടം പ്രവേശിച്ചിരിക്കണമെന്ന് അമീറുൽ ഹാദിയുടെ പഠനത്തിൽ നിരീക്ഷിക്കുന്നു. ഇന്തോനേഷ്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തിൽ ഇന്ത്യൻ വ്യാപാരികളും സൂഫി പ്രബോധകരും പ്രധാന പങ്കുവഹിച്ചുവെന്ന് ഇദ്ദേഹത്തിന്റെ പഠനങ്ങൾ തന്നെ കാണാം.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്ലാം വടക്കൻ സുമാത്രയിൽ എത്തി. ഷെയ്ഖ് അബ്ദുല്ല ആരിഫ് എന്ന അറേബ്യൻ പ്രബോധകനായിരുന്നു ആദ്യമായി എത്തിയതെന്ന് ഇസ്ലാമിക വിജ്ഞാനകോശത്തിൽ രേഖപ്പെടുത്തുന്നു.(1) അദ്ദേഹത്തിന്റെ ഖലീഫ ഷെയ്ഖ് ബുർഹാനുദ്ദീൻ പടിഞ്ഞാറൻ സുമാത്രയിലും ദക്ഷിണ സുമാത്രയിലും ഇസ്ലാം പ്രചരിപ്പിച്ചു. പുതു മുസ്‌ലിംകൾക്ക് ഇസ്‌ലാമിക വിജ്ഞാനങ്ങൾ പകർന്നു നൽകുന്നതിനായി അദ്ദേഹം അവിടെ ഒരു വൈജ്ഞാനിക സംരംഭവും തുടങ്ങിവച്ചു . ഈ വൈജ്ഞാനിക സംരംഭത്തിൽ നിന്ന് പരിശീലനം നേടിയ നവ മുസ്ലീങ്ങളാണ് പിന്നീട് ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാം പ്രചരിപ്പിച്ചത്. അവരുടെ പ്രയത്നത്താൽ, 'ആച്ചെ ' (ഇന്തോനേഷ്യയിലെ പ്രധാന പ്രവിശ്യ) പ്രദേശം ഇസ്ലാമിന്റെ സ്വാധീനത്തിൻ കീഴിലായി. ഈ പ്രദേശം ഇസ്ലാമിക ബൗദ്ധികവും ആത്മീയവുമായ വ്യവഹാരങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറി . 1205-ൽ ഇവിടെ ഒരു മുസ്ലീം ഭരണം നിലവിൽ വന്നു. എഡി 1292-ൽ ഇറ്റാലിയൻ സഞ്ചാരിയായ മാർക്കോ പോളോ അച്ചെയുടെ നഗരങ്ങളിലൂടെ കടന്നുപോകുമ്പോൾ അവിടത്തെ ജനങ്ങൾ പൂർണമായും മുസ്ലീങ്ങളായി മാറിയിരുന്നു എന്ന് അഭിപ്രായപ്പെടുന്നു. പിന്നീട് ഇസ്ലാം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ തുടങ്ങി.
14-ാം നൂറ്റാണ്ടിൽ ജാവയിൽ ഇസ്ലാമിക അധ്യാപനം വ്യാപകമായി ആരംഭിച്ചു. ഗുജറാത്ത് സ്വദേശിയായ മാലിക് ഇബ്രാഹിം എന്ന പ്രബോധകനാണ് ഇതിന് തുടക്കമിട്ടത്. ഇതുപോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പടിഞ്ഞാറൻ തീരങ്ങളിൽ നിന്നും പ്രധാനമായും ഗുജറാത്തിലെ സൂറത്തിൽ നിന്നും മലബാറിലെ പൊന്നാനിയിൽ നിന്നും ധാരാളം പണ്ഡിതന്മാരുടെ ഒഴുക്ക് മക്ക വഴി ആച്ചെയിലേക്ക് വന്നതായി അമീറുൽ ഹാദിയുടെയും, ഡേവിഡ് ക്ലൂസിന്റെയും, മഹ്മൂദ് കൂരിയയുടെയും പഠനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതായി നേരത്തെ ഉദ്ധരിച്ചിരുന്നു.
![]() |
Islamic Law in Circulation Mahmood kooria |
![]() |
Becoming Better Muslim David Kloos |
![]() |
Islam and State in Sumatra A study of Seventh-Century Aceh Amirul Hadi |
ഹദ്റമി സാദാത്തി കുടുംബത്തിന്റെ വരവോടുകൂടെ ഇന്ത്യനേഷ്യ സാംസ്കാരികമായും ആത്മീയപരമായും രാഷ്ട്രീയപരമായും സാമ്പത്തികമായും ഒരുപാട് പുരോഗതി കൈവരിച്ചു. പ്രത്യേകിച്ച് മലബാറിലെ മാപ്പിളമാർക്ക് പൊന്നാനി എങ്ങനെയാണോ അങ്ങനെയായിരുന്നു ഇന്ത്യനേഷ്യയിലെ പ്രധാന ഇസ്ലാമിക സാംസ്കാരിക കേന്ദ്രമായിമാറിയ ആച്ചെ പ്രദേശം. ചരിത്രത്തിൽ ആച്ചെ പ്രദേശം ഇന്ത്യനേഷ്യൻ മുസ്ലിമുകളുടെ ചെറിയമക്ക, 'സെറാമ്പി മക്ക' എന്ന പേരിലൊക്കെ അറിയപ്പെടുന്നു. ഈ പേര് രൂപപ്പെടുന്നതിലെ അടിസ്ഥാന കാരണങ്ങളെയും ഇതുപോലെ അറിയപ്പെടുന്ന മറ്റു പ്രദേശങ്ങളുമായുള്ള പാരിസ്പര്യബന്ധങ്ങളെയും യഥാർത്ഥ മക്കയുമായുള്ള ബന്ധങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമണി ഈ ഭാഗത്തും ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നത്. പ്രധാനമായും യമനിൽ നിന്നുമുള്ള ഹദ്റമി സാദാത്തിങ്ങളുടെ വരവോടുകൂടെ ശാഫി ചിന്താധാരകൾ മലായി ദ്വീപുകളിലും ഇന്തോനേഷ്യൻ ദ്വീപുകളിലും പ്രചാരം ലഭിച്ചതായി മഹ്മൂദ് കൂരിയയുടെ പഠനങ്ങളിൽ കാണാം. പ്രത്യേകിച്ചും, അദ്ദേഹം നിരീക്ഷിക്കുന്നത് ഇസ്ലാമിക നിയമങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടതായതുകൊണ്ട് തന്നെ നിരവധി ശാഫി സരണിയിലായി കൊണ്ടുള്ള അന്താരാഷ്ട്ര കർമശാസ്ത്ര ഗ്രന്ഥങ്ങൾ ആച്ചെ പ്രദേശത്ത് അവരുടേതായ ഭാഷയിൽ പരിഭാഷപ്പെടുത്തിയതായിട്ട് ചില അർകേവ്സുകളുടെ സഹായത്താൽ അദ്ദേഹം വിസ്തരിക്കുന്നുണ്ട്. പതിനാറും പതിനേയും നൂറ്റാണ്ടുകളിലാണ് ഇന്ത്യൻ മഹാസമുദ്രങ്ങളിൽ ശാഫി ചിന്താധാര വ്യാപിച്ചതെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രധാനമായും നേരത്തെ ഗുജറാത്തിലെ സൂറത്തും ആച്ചെയും തമ്മിലുള്ള വൈജ്ഞാനിക ആത്മീയ ബന്ധത്തിന്റെ പ്രധാന രേഖപ്പെടുത്തലുകളെ ഉദ്ധരിച്ചിരുന്നു. അതിൽ പ്രധാനിയായിരുന്ന നൂറുദ്ദീൻ അൽ റാനിറിയെ(റാണ്ടർ) ഇദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ആച്ചെ പ്രദേശത്തെ ശാഫി ചിന്താധാരകൾക്ക് പ്രധാനമായ വേരോട്ടം ഉണ്ടായത് ഇദ്ദേഹത്തിന്റെ സംഭാവനകളിലൂടെ ആയിരുന്നു എന്ന് കാണാം. പ്രധാനമായും ഇദ്ദേഹത്തിന്റെ ശാഫി സരണിയിലുള്ള നിയമ ഗ്രന്ഥമായ " സിറാത്വൽ മുസ്തഖീം". അതിനപ്പുറം, അച്ചെനീസ് ഇസ്ലാമിക് ഭരണകൂടത്തിന്റെ സ്ത്രീ ഭരണ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനപ്പെട്ട ഫത്ത്വ ഇറക്കിയിരുന്നതും ഇദ്ദേഹമായിരുന്നു. ഈ ചർച്ച അമീറുൽ ഹാദിയുടെ പഠനത്തിൽ കാണാം.(2) ഡേവിഡ് ക്ലൂസ് ഈ ചർച്ചയെ നിരീക്ഷിച്ചുകൊണ്ട് നൂറുദ്ദീൻ അൽ റാനിറി ആച്ചെ പ്രദേശം നിർബന്ധിതയാൽ വിട്ടുപോകേണ്ടി വന്നതിന്റെ കാരണത്തെയും അനുമാനിക്കുന്നു. അദ്ദേഹത്തിന്റെ സ്ത്രീ ഭരണപങ്കാളിത്തത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ഫത്വ ഇറങ്ങിയതിനു ശേഷം മക്കയിൽ നിന്നും മുഫ്ത്തിമാരുടെ നേതൃത്വത്തിൽ ഈ ഫത്തുവയ്ക്കെതിരെയുള്ള ഫത്വ പുറപ്പെടുവിച്ചുകൊണ്ട് ആച്ചെ യിലേക്ക് ഒരു കത്ത് അയച്ചിരുന്നതായി ഡേവിഡ് ക്ലൂസ് രേഖപ്പെടുത്തുന്നു.(3) തുടർന്ന് അദ്ദേഹം ഇതൊരു പ്രാദേശിക ചൊല്ലിന്റെ ഭാഗമായി രേഖപ്പെടുത്തിയതാകുന്നു എന്ന് പറഞ്ഞുവെക്കുന്നുണ്ട്.
കോഴിക്കോട് ഇടിയങ്ങരയിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയ സൂഫിവര്യനും സാദാത്തുമായ ശൈഖ് അലാവുദ്ദീൻ അബുൽ വഫ ഷംസുദ്ദീൻ മുഹമ്മദ് കാലിക്കുത്തി എന്നവർ ആച്ചെ പ്രദേശവുമായി അഗാധമായ ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് എന്ന് പി. പി മമ്മദ് കോയ പരിപ്പിൽ എന്നവരുടെ പഠനത്തിൽ രേഖപ്പെടുത്തുന്നു.(4) ഹി.950 ലാണ് അദ്ദേഹം ഇന്തോനേഷ്യ സുമാത്ര ദ്വീപ സമൂഹത്തിന് സമീപത്തുള്ള ആച്ചെ എന്ന പ്രദേശത്തേക്ക് യാത്ര പോകുന്നത്. അതിലൂടെ ആച്ചെയിലെ സുൽത്താൻ അലാവുദ്ദീനുമായി ബന്ധം സ്ഥാപിക്കുകയും അവിടെ വളർന്നുവന്നിരുന്ന നക്ശബന്തി ത്വരീഖക്കത്തിന്റെ ശൈഖന്മാരുടെ മുരിദായി ജീവിക്കുകയും ചെയ്തു. പിന്നീട് തന്റെ ഗുരുവിനോട് കൂടെ മക്ക, മദീന,ഏഡൻ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചു യമനയിൽ എത്തിച്ചേരുകയും അവിടുന്ന് മലബാറിൽ നിന്നുമുള്ള കപ്പലിൽ കയറി കോഴിക്കോട്ട് എത്തുകയും ചെയ്തു. ഈ വിവരം അറിഞ്ഞ അന്നത്തെ പൊന്നാനി മഖ്ദൂം അബ്ദുൽ അസീസ് ശൈഖിനെ പൊന്നാനിയിലേക്ക് ക്ഷണിച്ചു വരുത്തി ഏറെക്കാലം താമസിപ്പിച്ചു. പൊന്നാനിയിലെ താമസക്കാലത്ത് ഹി.974 റംസാൻ മാസത്തിൽ പോർച്ചുഗീസ് പട്ടാളം ആക്രമണം നടത്തിയപ്പോൾ ആത്മീയ പരിവേഷം നൽകി ചെറുത്തുനിന്ന് വിജയിച്ചതിൽ ഷെയ്ഖിന് വലിയൊരു പങ്ക് തന്നെയുണ്ട്. അപ്രകാരം തന്നെ, യമനി സാധാത്തി പാരമ്പര്യമുള്ള മഷ്ഹൂർ ഖബീലയിൽ നിന്നുമുള്ള അബ്ദുൽ റഹ്മാൻ അൽ സാഹിർ (d.1832-1885) എന്ന സയ്യിദ് ആച്ചെ പ്രദേശത്ത് ഡച്ചുകാരുമായി ചെറുത്തുനിൽക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയതായി ജലീൽ പി.കെ.എം, മഹ്മൂദ് കൂരിയ എന്നിവരുടെ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പഠനം മലബാറിലെ കോഴിക്കോട് പ്രദേശത്തായിരുന്നു എന്ന് അതിൽ പ്രതിപാദിക്കുന്നു. ഇത് അദ്ദേഹത്തെ കുറിച്ചുള്ള ഗവേഷകന്റെ കൂടുതൽ പഠനത്തിലേക്കുള്ള വഴി തുറക്കുകയാണ്.
പൊന്നാനിയിലും, ഗുജറാത്തിലെ സൂറത്ത് നഗരത്തും വൈജ്ഞാനികമായ സംരംഭങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകിയ ഭരണകൂടങ്ങളെ പോലെ ആച്ചെ പ്രദേശത്തും വൈജ്ഞാനിക സംരംഭങ്ങൾക്ക് പ്രധാനമായും സംഭാവന അർപ്പിച്ചിരുന്നത് ആച്ചെനീസ് ഭരണകൂടം ആയിരുന്നു എന്ന് മഹ്മൂദ് കൂരിയ രേഖപ്പെടുത്തുന്നു. മക്കയിൽ നിന്നും പഠനം നടത്തി ആച്ചെയിലേക്ക് വന്നു വൈജ്ഞാനിക വിപ്ലവങ്ങൾ കുറിച്ച നുറുദ്ദീൻ അൽ റാനിറിയെ പോലെ ധാരാളം പണ്ഡിതന്മാർ ഉണ്ടായിരുന്നു. മുഹമ്മദ് അർഷദ് അൽ ബജാരി, അൽ സിങ്കിൽ, സയ്ഫ് അൽ റിജാൽ തുടങ്ങിയവരുടെ വൈജ്ഞാനിക മേഖലയിലുള്ള സംഭാവനകളും അമീറുൽ ഹാദിയുടെയും, മഹ്മൂദ് കൂരിയയുടെ പഠനങ്ങളിൽ കാണാം. ഇസ്ലാമിക നിയമങ്ങളുടെ പ്രായോഗികത ജനങ്ങളെ ഉണർത്തുന്നതിനു വേണ്ടി 'ഹദീസ് മാജ ' എന്ന പേരിൽ അവരുടെ ഭാഷയിൽ ഒരു തത്വചിന്ത ആച്ചെ പ്രദേശത്ത് രൂപപ്പെടുത്തിയതായി ഡേവിഡ് ക്ലൂസിന്റെ പഠനത്തിൽ രേഖപ്പെടുത്തുന്നു.
രാഷ്ട്രീയമായി, പതിനാറാം നൂറ്റാണ്ടിൽ പൊന്നാനി ഏതുതരത്തിൽ നേതൃത്വം വഹിച്ചിരുന്നോ, അപ്രകാരം തന്നെ 1873 മുതൽ ഒരുപാട് വർഷത്തോളം ഡച്ചുകാരോട് ചെറുത്തു നിന്നുകൊണ്ട് ജിഹാദി പ്രസ്ഥാനത്തിന്റെ വേരൂന്നിയ ചരിത്രം കൂടി ആച്ചെ പ്രദേശത്തിനുള്ളതായി അമീറുൽ ഹാദിയുടെയും ഡേവിഡ് ക്ലൂസിന്റെ പഠനത്തിൽ വിസ്തരിക്കുന്നു
- Islamic encyclopedia, (pg. 209-211)
- Islam and state in Sumatra, Amirul Hadi, (pg. 83)
- Becoming Better Muslim Religious Authority and Ethical Improvement in Aceh, Indonesia. David Kloos (pg. 172)
- കോഴിക്കോട്ടെ മുസ്ലീങ്ങളുടെ ചരിത്രം, പി.പി മമ്മദ് കോയ പരപ്പിൽ,(pg. 273)
- Hadrami archives of Malabar: Two manuscript collections in Calicut, Southwest India. Abdul Jaleel pkm & Mahmood Kooria, (pg. 76)
0 Comments :
Post a Comment