മലബാറിലെ ഇസ്ലാമിന്റെ ആഗമനവും |ദേശാടനം |MD CREATION

Advent of Islam in Malbar





മലബാറിലെ ഇസ്ലാമിന്റെ ആഗമനവും ; ചരിത്രപരമായ സംവാദങ്ങളിലെ നിരീക്ഷണങ്ങളും വൈരുദ്ധ്യങ്ങളും

മലബാറും അറബികളും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രം അതി പുരാതനമാണ്. ആദ്യകാല മുതൽക്കുതന്നെ മലബാറിലെ രാജാക്കന്മാരുമായും പ്രധാന തുറമുഖ പട്ടണങ്ങളുമായും ഈജിപ്ത്, അറേബ്യ, പലസ്തീൻ, യവന-റോമാരാജ്യങ്ങൾ വാണിജ്യപരവും സാംസ്കാരികവുമായ സമ്പർക്കം അവിരാമം പുലർത്തിപോന്നിരുന്നതായി ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഊർ, നിപ്പൂർ തുടങ്ങിയ സുമേറിയൻ നഗരവിശിഷ്ടങ്ങളിൽ നടത്തിയ പര്യവേഷണത്തിന്റെ ഫലമായി നദീതട സംസ്കാരങ്ങളുടെ കാലം മുതൽക്ക് തന്നെ കേരളവും പുറം രാജ്യങ്ങളുമായുണ്ടായിരുന്ന ബന്ധങ്ങൾ തടസ്സമറ്റതായിരുന്നു. മോസസ് (മൂസനബി)യുടെ കാലം മുതൽക്ക് തന്നെ നമ്മുടെ സുഗന്ധദ്രവ്യങ്ങൾ യഹൂദ മത ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നതായി മതഗ്രന്ഥങ്ങളിലുള്ള തെളിവുകളെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണ പഠനങ്ങളിൽ കാണാം. സോളമൻ (സുലൈമാൻ നബി, ബി.സി 1000) തന്റെ സത്രങ്ങളെയും കൊട്ടാരങ്ങളെയും പ്രൗഢീകരിക്കുന്നതിന് മലബാറിൽ നിന്നും തേക്കിൻ തടികളും ആനക്കൊമ്പുകളും കൊണ്ടുപോയതായി ഷാൽഡിയൻ ശിലാ ലിഖിതങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതായി റോബർട്ട് സിവെൽ രേഖപ്പെടുത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. സി. കെ കരീം പ്രസ്താവിക്കുന്നു.

C. K Kareem

മലബറിന്റെ മണ്ണിൽ ഇസ്ലാം ആവിർഭവിച്ചതിനെ കുറിച്ച് കൃത്യമായ ചരിത്ര രേഖകൾ നിലവിൽ ലഭ്യമല്ല. ഹിജ്റ രണ്ടാം നൂറ്റാണ്ടിന് ശേഷമായിരിക്കാം അത് സംഭവിച്ചിരിക്കുകയെന്നാണ് ശൈഖ് സൈനുദ്ധീൻ മഖ്ദൂം തുഹ്ഫത്തുൽ മുജാഹിദീൻ എന്ന കൃതിയിൽ പരാമർശിക്കുന്നത്. എന്നാൽ ചേരമാൻ പെരുമാൾമാരുടെ കാലനിർണയം നടത്തിയ ഡോ. എം ജി.എസ് നാരായണൻ പറയുന്നത്, അതിനും ശേഷം പല നൂറ്റാണ്ടുകൾക്ക് ശേ ഷമായിരിക്കാം ഇസ്ലാമിന്റെ ആഗമനമെന്നാണ്. പ്രവാചക കാലഘട്ടത്തിൽ തന്നെ ഇസ്ലാം ഇവിടെ പ്രചരിച്ചിരുന്നുവെന്ന് ഐതിഹ്യം തലമുറകളായി വിശ്വസിക്കപ്പെടുന്നത ണെങ്കിലും ചരിത്രപരമായി തെളിയിക്കപ്പെട്ടതല്ലെന്നർത്ഥം. ചേരമാൻ പെരുമാൾ മാരുടെ ചരിത്ര വിഷയത്തെ സംബന്ധിച്ചിടത്തോളം അഭിപ്രായവ്യത്യാസങ്ങൾ ചരിത്രകാരന്മാർക്കിടയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. എങ്കിലും സാഹചര്യ തെളിവുകളുടെയും ശിലാ ലിഖിതങ്ങളെയും അടിസ്ഥാനപ്പെടുത്തി പഠിച്ച ചരിത്രകാരന്മാർ പ്രവാചകന്റെ കാലത്ത് തന്നെ മലബാറിൽ ഇസ്ലാമിന്റെ ആഗമനം ഉണ്ടായതായി തെളിയിക്കുന്നു. 

Thuhfath-ul-mujahideen


റോമാ പേർഷ്യൻ തകർച്ചയോടുകൂടി അറബിക്കടലിന്റെ ആധിപത്യം അറബികളുടെ കൈവശം വന്നുചേർന്നു. അതോടുകൂടി സമുദ്രയാന യാത്രകളിലെ പ്രധാനികളായി അറബികൾ മാറുകയും. കിഴക്കൻ ആഫ്രിക്ക, മലബാറിലെ തുറമുഖ തീര പ്രദേശങ്ങൾ, തെക്ക് കിഴക്കൻ തുറമുഖങ്ങൾ (മാലായി ദ്വീപുകൾ ), ഇന്ത്യൻ മഹാസമുദ്രങ്ങളോട് ചേർന്നു കിടക്കുന്ന തീരപ്രദേശങ്ങളെല്ലാം അറബികളിലെ വൻകിട വ്യാപാരികളുടെ കുത്തകയായി മാറി. അതിലൂടെ പല തുറമുഖങ്ങളുടെയും പ്രദേശങ്ങളുടെയും സാംസ്കാരിക ഭൗതിക മാറ്റങ്ങളിൽ വികാസം സംഭവിച്ചു. അറബികളാൽ വലിയ തോതിൽ വികാസം പ്രാപിച്ച മലബാറിൽ ഇസ്ലാം മതപ്രചാരണവുമായി ഏഴാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാം കടന്നു വന്നതായി ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.


മാലിക് ബിനു ദീനാറും സംഘവും ഇസ്ലാമിക പ്രചരണാർത്ഥം മലബാറിൽ വരുന്നതിനു മുമ്പ് തന്നെ ഇസ്ലാമിന്റെ പ്രചാരം പ്രവാചകന്റെ കാലത്ത് വ്യാപാരികളിലൂടെ പ്രാദേശിക രാജാക്കന്മാർ അറിഞ്ഞിരുന്നതായിഖിസ്സതു ശകറവർതി ഫർമാദ് എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചതായി അതിനെ കുറിച്ചു പഠിച്ച പഠനങ്ങളിൽ കാണാം( അൽ രിസാലത്തു ഫി ളുഹൂരിൽ ഇസ്ലാം ദിയാരിൽ മലയ്ബാർ എന്ന ഗ്രന്ഥമാണെന്ന് പറയപ്പെടുന്നു). പതിനാറാം നൂറ്റാണ്ടിലെ തുഹ്ഫത്തുൽ മുജാഹിദീൻ രചിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലോ മറ്റോ എഴുതപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ പുസ്തകത്തെ അവലംബമാക്കിയിട്ടാണ് എന്ന് വൈ ഫ്രിഡ്മാൻ അനുമാനിക്കുന്നു. 


കേരളത്തിലെ ചരിത്രകാരന്മാർ ഈ വിഷയത്തിൽ തങ്ങളുടെതായ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ പഠനങ്ങളെ അവലംബമാക്കിക്കൊണ്ട് പ്രസ്താവനകൾ നടത്തുന്നു. നിലവിൽ ലഭ്യമായ സ്രോതസ്സുകളുടെ സ്വഭാവം, തികച്ചും ചരിത്രപരമായ വസ്തുതകൾക്ക് വിഭിന്നമായതും, ഇവിഷയകയമായി നിർലോഭം ചരിത്രകാരന്മാർക്കിടയിൽ സംവാദാത്മകമായ പ്രശ്നങ്ങൾ നിലകൊള്ളുന്നതുകൊണ്ടും സത്യസന്ധതാപരമായ പരിഹാരത്തിനുള്ള സാധ്യതകൾ ഏത് സാഹചര്യത്തിലും വളരെ വിദൂരമാണെന്ന് നിസ്തർക്കം അനുമാനിക്കാവുന്നതാണ്. ആധുനിക ചരിത്രകാരന്മാർ ഏകകണ്ഠമായി നിരസിച്ചതും എന്നാൽ മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ പ്രചാരമുള്ളതുമായ അവരുടെ ആദ്യകാല ചരിത്രത്തെ അവർ വീക്ഷിക്കുന്ന രീതിയിലേക്ക് വെളിച്ചം വീശുന്നതുമായ ഒരു ഗ്രന്ഥമാണ് ഖിസ്സതു ശകർവർതി ഫർമാദ്. മലബാറിലെ ഇസ്ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട ലഭ്യമായ ചരിത്ര ആഖ്യാനങ്ങളിൽ പ്രധാനമായും ഖിസ്സതു ശകർവർതി ഫർമാദ് എന്ന അജ്ഞാത ഗ്രന്ഥമാണ്. ഇതിനെ അടിസ്ഥാനമാക്കിക്കൊണ്ട് ഇസ്രായേൽ ഗവേഷകൻ വൈ. ഫ്രിഡ്മാൻ നടത്തിയ പഠനത്തിൽ പ്രസ്താവിച്ചത് പോലെ അതിൽ ഗണ്യമായ ഭാഗവും മലബാറിലെ ഇസ്ലാമിക പ്രചരണവുമായി വന്ന ദൗത്യ സംഘത്തെയും പ്രവാചകന്റെ ചന്ദ്രൻ പിളർത്തുന്നതായ അത്ഭുതം കണ്ട് പ്രവാചകന്റെ അടുക്കലേക്ക് പോയ ബാണ പെരുമാളിനെ കുറിച്ചുമുള്ള വിവരണങ്ങളാണ്. ഈ സന്ദർഭങ്ങളെല്ലാം രൂപപ്പെട്ടതിന്റെ കൃത്യമായ തീയതികളെ അടയാളപ്പെടുത്താൻ രചയിതാവ് ശ്രമിച്ചതായിട്ട് കാണാൻ കഴിയും. മാലിക് ബിനു ദിനാറും ദൗത്യ സംഘവും മലബാറിൽ നടത്തിയ മിഷനറി പ്രവർത്തനങ്ങളെകുറിച്ചും അവർ മലബാറിലെ തന്നെ പല പ്രദേശങ്ങളിലുമായി നിർമാണം പൂർത്തിയാക്കിയ പത്തോളം പള്ളികളുടെ വിവരണങ്ങളും നിർമ്മാണ തീയതികളും ഓരോ പള്ളിയിലേക്കും നിശ്ചയിക്കപ്പെട്ട ഖാളിമാരുടെ നാമങ്ങളും വളരെ കൃത്യമായിട്ട് ഈ ഖിതാബിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്. പറയപ്പെട്ട ചരിത്ര രേഖകളിലൊന്നും കൃത്യമായ വർഷത്തെ അടയാളപ്പെടുത്തുന്നില്ലെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വർഷത്തെ നമുക്ക് അനുമാനിക്കാവുന്നതാണ്.

Qissathu shakarwati farmad


 എങ്കിലും ചരിത്ര ഗവേഷകനെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തിലുള്ള ചരിത്ര ആഖ്യാനങ്ങളുടെ സത്യസന്ധതയെ കൃത്യമായ രേഖകളെ ആധാരമാക്കി കൊണ്ട് സമീപിക്കേണ്ടതുണ്ട്. നമ്മുടെ നാടുകളിലും പിന്നീട് വന്ന പഠനങ്ങളിലും മലബാറിലേക്ക് വന്ന ദൗത്യ സംഘത്തെ കുറിച്ചുള്ള മിത്തുകൾ എത്രത്തോളം സത്യസന്ധമാണ് എന്നത് പുരാവസ്തു ഗവേഷണങ്ങളിലൂടെയും ലിഖിത ഗവേഷണങ്ങളിലൂടെയും ഇനിയും തെളിയിക്കപ്പെടേണ്ടതായിട്ടുണ്ട്.


 തുഹ്ഫത്തുൽ മുജാഹിദീനിൽ പറയപ്പെടുന്ന ചേരരാജാവ് രണ്ടാം ചേരരാജാവാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ ഒന്നാം ചേര രാജാവ് പോയതായി തുഹ്ഫതുൽ മുജാഹിദിന് മുമ്പ് എഴുതപ്പെട്ട പല ഗ്രന്ഥങ്ങളിലും സാഹചര്യ തെളിവുകളെ മുൻനിർത്തി വിശദീകരിക്കുന്നതായി കാണാം. പതിനേഴാം നൂറ്റാണ്ടിലെഴുതപെട്ടകേരളോല്പ്ത്തിയിൽ ' അശുവിന്' പോയി എന്ന പ്രയോഗം ഹജ്ജിനു പോയി എന്നതിനെ സൂചിപ്പിക്കുന്നു. ഇത് രണ്ടാം ചേരമാനെ കുറിച്ചാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.   

 എന്നാൽ ഇസ്ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് മാലിക് ബിനു ദീനാറും ദൗത്യ സംഘവും മലബാറിൽ എത്തുന്നതിനു മുമ്പ് തന്നെ ഇസ്ലാം പ്രചരിച്ചതായി പല ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നുണ്ട്.ശൈഖ് സഹറുദ്ദീൻ ബിനു തഖിയുദ്ധീനടങ്ങുന്ന ഒരു പണ്ഡിതസംഘം സെമിറ്റിക് മതങ്ങൾ ഒരുപോലെ അംഗീകരിക്കുന്ന സിലോണിലെ ആദം മല സന്ദർശിക്കാൻ തീരങ്ങൾ വഴി സഞ്ചരിക്കുന്നതിനിടക്ക് വിശ്രമിക്കുന്നതിനു വേണ്ടി അക്കാലത്തെ വലിയ തുറമുഖ പട്ടണമായിരുന്ന ആദ്യകാല സഞ്ചാരികളുടെ ചരിത്രത്തിൽ മുസിരിസ് എന്നടയാളപ്പെടുത്തിയ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങുകയും കുറഞ്ഞ നാൾ വിശ്രമിക്കുകയും ചെയ്തതായി ഡോ. സി.കെ കരീമിന്റെ പ്രസ്താവനങ്ങളിൽ കാണാം. ഈ വിവരം അന്നത്തെ ചേര രാജാവ് അറിയുകയും അവരെ കൊട്ടാരത്തിലേക്ക് വിളിക്കുകയും അവരുടെ നാടിനെ കുറിച്ചും പ്രവാചകനെ കുറിച്ചും അന്വേഷിക്കുകയുമുണ്ടായി. പ്രവാചകനെക്കുറിച്ച് മലബാറിൽ ജീവിക്കുന്ന ചേര രാജാവ് ശൈഖ് സഹറുദ്ദീനും പണ്ഡിത സംഘവും മലബാറിൽ എത്തുന്നതിനു മുമ്പ് തന്നെ അറിഞ്ഞിരുന്നതായി ഈ ചരിത്ര ആഖ്യാനത്തിൽ നിന്നും വ്യക്തമാണ് . പ്രവാചകന്റെ കാലത്ത് ചൈനയിലേക്ക് മതപ്രചാരണാർത്ഥം യാത്രക്കിറങ്ങിയ ഒരു മുസ്ലിം പണ്ഡിതസംഘത്തെ കുറിച്ചു ചൈനയിലെ 'മിങ്' ചക്രവർത്തിമാരുടെ കാലത്ത് രചിച്ച 'മിൻഷു' എന്ന ചൈനീസ് ഗ്രന്ഥത്തിൽ പ്രതിപാദിച്ചതായിട്ട് കാണാം. ഇവർ ചൈനയിൽ ഇസ്ലാമിക പ്രബോധനം നടത്തിയതിനെ കുറിച്ചും, അവരിലെ ഓരോരുത്തരുടെയും ശവകുടീരങ്ങളെ സംബന്ധിച്ചും വിശദമായി പ്രസ്താവിച്ചിട്ടുള്ളതായി കേസരി.എ ബാലകൃഷ്ണപിള്ളയുടെ ഇസ്ലാം മലബാറിൽ എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നുണ്ട്. ചൈനയിലേക്ക് പുറപ്പെട്ട ദൗത്യസംഘം കൊടുങ്ങല്ലൂരിലും വന്നിരിക്കാമെന്നും അവരിൽ നിന്നും പ്രവാചകനെ കുറിച്ച് ചേര രാജാവ് അറിയുകയും മക്കയിലേക്ക് പോകാൻ താല്പര്യപ്പെടുകയും ചെയ്തിട്ടുണ്ടാകുമെന്ന് ബാലകൃഷ്ണപിള്ളയും മുകളിൽ പറയപ്പെട്ട പ്രസ്താവനയെ ആധാരമാക്കി കൊണ്ട് സി.കെ കരീമും അനുമാനിക്കുന്നു. ഈ അനുമാനത്തിനു പിൻബലമായി സമുദ്ര യാത്ര രീതികളെയും പരിചയിക്കേണ്ടതുണ്ട്. പ്രധാനമായും അക്കാലത്ത് സമുദ്ര യാത്രകൾ തീരങ്ങളിലൂടെയുള്ള സഞ്ചാരങ്ങളായിരുന്നു. ഇബ്നു ബത്തൂത്തയെ പോലെയുള്ള ലോക സഞ്ചാരികളുടെ യാത്ര വിവരണങ്ങളിൽ അവരുടെ സഞ്ചാരപഥങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ബത്തൂത്ത മലബാറിൽ നിന്നും ചൈനയിലേക്ക് പോയ സഞ്ചാരപഥം രേഖപ്പെടുത്തിയത് പ്രകാരം മുകളിൽ പറയപ്പെട്ട സി.കെ കരീമിന്റെ അനുമാനത്തിന് പിൻബലം കൊടുക്കുന്നു. 

Cheraman musjid


ഏകദേശം എഡി 628 നും 629 നും ഇടയ്ക്കുള്ള വർഷങ്ങളിൽ (ഹി.6,7) ആഫ്രിക്കയിലേക്കും മറ്റു അറിയപ്പെട്ട രാജാക്കന്മാർക്കും ഇസ്ലാമിനെ പരിചയപ്പെടുത്തികൊണ്ടും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടും പ്രവാചകൻ കത്തുകളയച്ചിരുന്നു. ഈ സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കി അനുമാനിക്കുകയാണെങ്കിൽ അറബി നാടുകളിൽ സുപരിചിതമായ മലബാറിലേക്കും അതുപോലെ പ്രവാചകൻ സന്ദേശം അയച്ചിട്ടുണ്ടാകണം. പ്രവാചകന്റെ കാലത്ത് തന്നെ മലബാറിലെ രാജാക്കന്മാരുമായി ബന്ധമുണ്ട് എന്നതിന്റെ തെളിവായി ഇമാം ഹാക്കിം(റ) ന്റെ 'മുസ്തദ്റഖ്'എന്ന ഗ്രന്ഥത്തിൽ അബൂ സഈദ് ഖുദ്രി റിപ്പോർട്ട് ചെയ്തതായ ഹദീസിൽ കാണാം. അതിൽ പറയപ്പെടുന്നത് പ്രകാരം " ഒരു ഇന്ത്യൻ രാജാവ് നബി (സ്വ) തങ്ങളെ കണ്ടുവെന്നും നബി (സ്വ)ക്ക് അദ്ദേഹം ഇഞ്ചിനിറച്ച ഭരണി നൽകി എന്നും പ്രവാചകന് അതു വീദിച്ചപ്പോൾ എനിക്ക് ലഭിച്ചുവെന്നു" കാണാം. അത് ഒന്നാം ചേരമാൻ പെരുമാളാണെന്ന് അഭിപ്രായമുണ്ട്. പ്രവാചകൻ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടു കത്തുകൾ അയച്ച കാലഘട്ടത്തെ മുൻനിർത്തികൊണ്ട് സാഹചര്യ തെളിവുകളെ കണക്കിലെടുത്ത് എഡി 628ൽ പ്രവാചകന്റെ 57 മത്തെ വയസ്സിൽ ചേരമാൻ പെരുമാൾ നബിയുമായി അഭിമുഖം നടത്തിയെന്നും ഇസ്ലാംമത അനുയായി ആയി മാറിയെന്നും താജുദ്ദീൻ എന്ന പേരോ മറ്റോ സ്വീകരിച്ചുവെന്നും ഖിസ്സതു ശക്റവർതി ഫർമാദിൽ രേഖപ്പെടുത്തിയതായി വൈ. ഫ്രിഡ്മാൻ പ്രസ്താവിക്കുന്നു. ചേരമാൻ പെരുമാൾ പ്രവാചകനുമായിട്ട് അഭിമുഖ സംഭാഷണം നടത്തുന്നത് പ്രവാചകന്റെ 57 മത്തെ വയസ്സിലാണെങ്കിലും അദ്ദേഹത്തിന്റെ മരണം സംഭവിച്ചതായി പ്രസ്താവിക്കുന്നത് മക്കയിൽ നിന്നും മദീനയിലേക്കുള്ള പ്രവാചകന്റെയും അനുജരവൃന്ധരുടെയും ഹിജ്റ സമയത്താണ്. ഇത് ചരിത്രത്തോട് വൈരുദ്ധ്യത തീർക്കുന്നു. കാരണം പ്രവാചകന്റെ 53 മത്തെ വയസ്സിലാണ് ഹിജ്റ സംഭവിക്കുന്നത്. യഥാർത്ഥ പുസ്തകത്തെ പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച പോരായ്മയായി പലരും അഭിപ്രായപ്പെടുന്നു. മലബാറിൽ ഇസ്ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് ഇബ്നു ഖാസിമിന്റെ സിന്ദാക്രമണത്തെ മുൻനിർത്തി ചില ചരിത്രകാരന്മാർ നിരീക്ഷണം നടത്താറുണ്ട്. ഇതിനു ഖാസിമിന്റെ സിന്ധിലേക്കുള്ള വരവിന് പ്രധാന കാരണമായത് അറേബ്യൻ രാജ്യങ്ങളിൽ നിന്നും സിലോണിലേക്ക് കച്ചവടവുമായി എത്തിയ കച്ചവട സംഘത്തിൽ പെട്ടവർ അവിടെ മരിക്കുകയും അവരുടെ കുടുംബാംഗങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. സിലോണിലെ രാജാവ് അവരെ ഒരൊറ്റ കപ്പലിൽ നിറച്ചു ഇറാഖിലേക്ക് അയക്കുകയും ചെയ്തു. ഗുജറാത്തിലോ മറ്റോ എത്തിയപ്പോൾ ഈ കപ്പൽ കൊള്ളയടിക്കപ്പെടുകയും അതിലുള്ള അറബികളെ ബന്ധനസ്ഥരാക്കുകയും ചെയ്തു. ഇത് നടന്നത് ഹിജ്റ 80 ലാണെന്ന് ചരിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഈ വിവരം ഹജ്ജാജ് ബിൻ യൂസഫിന്റെ സൈനാധിപനായിരുന്ന ഇബ്നു ഖാസിം അറിയുകയും ഹജ്ജാജ് ബിനു യൂസുഫിന്റെ സൈനികരെയും കൊണ്ട് കൊള്ള സംഘത്തിനെതിരെ യുദ്ധം ചെയ്യാൻ ഹിന്ദിലേക്ക് പുറപ്പെടുകയും, അവരോട് യുദ്ധം ചെയ്ത് വിജയിക്കുകയും ചെയ്തു. അക്കാലത്ത് തന്നെ സിലോണിലും മറ്റും ഇസ്ലാം പ്രചരിച്ചുവെന്നതിനുള്ള സൂചനയാണ് ഈ ചരിത്ര സംഭവം. ഇത് മൂന്നാം നൂറ്റാണ്ടിൽ ബലാദൂർ രേഖപ്പെടുത്തിയ ചരിത്രമാണ്. 

എം. ജി. എസ്

ഏലം കുളം കുഞ്ഞൻ പിള്ള

ഏളം കുളം കുഞ്ഞൻപിള്ളയും അദ്ദേഹത്തെ അവലംബമാക്കി ഡോ. എം.ജി.എസ് ഉം മലബാറിലേക്കുള്ള ഇസ്ലാമിന്റെ ആഗമനത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നു. ഇസ്ലാം മത പ്രചരണം നടന്നത് എ.ഡി ഒമ്പതാം നൂറ്റാണ്ട് അവസാന പകുതിക്ക് ശേഷമായിരുക്കണം എന്ന് വാദിക്കുന്നു. അതിനാധാരമായി ഇളംകുളം കുഞ്ഞൻപിള്ള തുടങ്ങിയവർ എടുത്തുകാട്ടുന്നത് എ.ഡി 851 ൽ കേരളം സന്ദർശിച്ചു എന്നു പറയപ്പെടുന്ന സുലൈമാൻ താജിർ എന്ന അറബി സഞ്ചാരിയുടെതായി വിശ്വസിച്ചു പോരുന്ന ഒരു പ്രഖ്യാപനത്തെയാണ് ' അറബി സംസാരിക്കുന്നവരോ ഇസ്ലാം മതം സ്വീകരിച്ചവരോ ആയ ചൈനക്കാരെയോ ഇന്ത്യക്കാരെയോ താൻ കണ്ടില്ല ' എന്ന പ്രസ്താവനയാണ്.

സുലൈമാൻ താജിറിന്റെ പേരിൽ എ.ഡി 851 ൽ പ്രസിദ്ധീകൃതമായ അക്ബർ അസ് സിന്ധ് വൽ ഹിന്ദ് എന്ന അദ്ദേഹത്തിന്റെ സഞ്ചാര ഡയറി കുറിപ്പിലെ ഈ വാചകം ലോഗൻ തൻെറ 'മലബാർ മാനു വലിൽ എടുത്തുദ്ധരിച്ചിട്ടുണ്ട്. ഈ വാചകം മാത്രം കൈമുതലാക്കിക്കൊണ്ടാണ് മറ്റനേകം തെളിവുകളേയും, അടിയുറച്ച വിശ്വാസങ്ങളേയും, സാമാന്യബുദ്ധിയേയും മറികടന്നു കൊണ്ട് ഇസ്ലാം മത പ്രചാരണം നടന്നത് സുലൈമാന്റെ കാലത്തിന് ശേഷമായിരിക്കണമെന്ന് ഇവർ വാദിക്കുന്നത്. എന്നാൽ സുലൈമാന്റെ എന്ന് പറയപ്പെടുന്ന ഈ ഗ്രന്ഥം കണ്ടവരോ അതു വായിച്ചു മനസ്സിലാക്കാൻ സാധിക്കുന്നവരോ അല്ല ഈ എഴുത്തുകൾക്ക് ആഖ്യാനങ്ങൾ തീർത്തതെന്ന് നാം മനസ്സിലാക്കണം. ഇതിനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത റെയ്നോഡ്, സുലൈമാന്റെ നിരീക്ഷണം ശരിയല്ലെന്നും ഗുജറാത്തിലും സിന്ധിലും മറ്റു പ്രദേശങ്ങളിലും തകൃതിയായി കച്ചവടം നടത്തിയിരുന്ന അറബികളെ കുറിച്ചോ ജൂതന്മാരെ കുറിച്ചോ ക്രിസ്ത്യാനികളെ കുറിച്ചോ അദ്ദേഹം കൃത്യമായി അറിഞ്ഞിരുന്നില്ല എന്നും നിരീക്ഷണം നടത്തുന്നുണ്ട്. 'അറബി ഭൂമിശാസ്ത്രജ്ഞൻമാരുടെ ഇന്ത്യയെ കുറിച്ചുള്ള അറിവ് ' എന്ന ഗവേഷണ ഗ്രന്ഥത്തിൽ സുലൈമാന്റെതന്ന് പറയപ്പെടുന്ന ഗ്രന്ഥം അദ്ദേഹത്തിന്റെതല്ലന്നും അതിനുമുമ്പ് ഒരുപാട് അറബികൾ ഇവിടെ വന്നതായും അവർ രേഖപ്പെടുത്തിയതിനെ എടുത്തു ക്രോഡീകരിക്കുകയായിരുന്നു എന്നും ഹുസൈൻ നയനാർ സംശയാതീതമാവെണ്ണം തെളിയിച്ചിട്ടുണ്ട്. പിന്നീട് വന്ന ചരിത്രകാരന്മാർ സുലൈമാൻ താജറിന്റെ ഗ്രന്ഥത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാഹചര്യങ്ങളെയും സ്ഥലങ്ങളെയും കൃത്യമായി തിരിച്ചറിയുകയും ചെയ്തപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ പരാമർശിക്കുന്ന ' സെഞ്ചിയാലൂസ്/ലെഞ്ചിയാലൂസ്' ഇന്നറിയപ്പെടുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളാണെന്നും അവിടെ ജീവിക്കുന്ന ചില ഗോത്രവർഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പരാമർശം നടത്തിയതെന്നും നിരീക്ഷണം നടത്തുന്നു.  

Madayi

 മലബാറിലെ ഇസ്ലാമിന്റെ ആഗമന ചരിത്രത്തിൽ മുസിരിസ് ( കൊടുങ്ങല്ലൂർ ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചരിത്രാവശിഷ്ടങ്ങൾ ലഭിക്കുന്നതും, ചരിത്ര പ്രാധാന്യം അർഹിക്കുന്നതുമായ ഒരു പ്രദേശമാണ് മാടായി. നിലവിൽ ലഭ്യമായതിൽ വെച്ച് മാടായി പള്ളിയുമായി ബന്ധപ്പെടുത്തി മലബാറിലേക്കുള്ള ഇസ്ലാമിന്റെ ആഗമനത്തെ കൃത്യമായ ഗവേഷണ സ്വഭാവത്തോടെ സമീപിച്ച ഗവേഷണ പഠനമാണ് അബ്ദുല്ല അഞ്ചിലത്ത് രചിച്ച 'മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂർവ്വ ചരിത്രം' എന്ന കൃതി, അതോടൊപ്പം ഡോ.ജി പ്രേംകുമാറിന്റെ കണ്ണൂർ ജില്ലയിലെ മുസ്ലിം പുരാവസ്തു അവശിഷ്ടങ്ങളിലെ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന പഠനത്തിൽ മാടായി പള്ളിയെ പരാമർശിക്കുന്നതായും കാണാം. മാടായി പള്ളിയുമായി ബന്ധപ്പെട്ട് ചരിത്രകാരന്മാർക്കിടയിൽ തന്നെ അതിന്റെ നിർമ്മിതിയെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. മാടായി പള്ളി മാലിക് ബിനു ദീനാറും സഹോദരൻ മാലിക് ബിനു ഹബീബും കൂടി എ.ഡി 1124 (ഹിജ്റ 518)ലാണ് നിർമ്മിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മാലിക് ബിനു ദീനാറും സംഘവും ആദ്യമായി കൊടുങ്ങല്ലൂര് പള്ളി സ്ഥാപിക്കുകയും പിന്നീട് കൊല്ലത്തും ശേഷം മാടയിലും സ്ഥാപിച്ചു എന്ന് ഇദ്ദേഹം അടക്കമുള്ള ചില പണ്ഡിത ഗവേഷകർ അവരുടെ പഠനങ്ങളിൽ പ്രസ്താവിക്കുന്നുണ്ട്. മാടായി പള്ളിയിലെ ലിഖിതവുമായി ബന്ധപ്പെട്ട് കൃത്യമായി പഠിച്ച അബ്ദുള്ള അഞ്ചിലത്തിന്റെ പഠനത്തിലും ഈ അഭിപ്രായം കാണാം. എങ്കിലും മാടായി പള്ളിയിലെ ലിഖിതവുമായി ബന്ധപ്പെട്ട് എം.ജി.എസ്ന്റേയും ഒമ്പതാം നൂറ്റാണ്ടിലാണ് ഇസ്ലാമിന്റെ ആഗമനമ മെന്ന് പ്രസ്താവിച്ച മറ്റു ചരിത്രകാരന്മാരെയും എതിർത്തുകൊണ്ട് അബ്ദുള്ള അഞ്ചിലാത്ത് ലിഖിതത്തെ വിസങ്കേതനം ചെയ്തു പ്രസ്താവന നടത്തുന്നത് ശ്രദ്ധേയമാണ്. റബീഉൽ ആഖിർ വെള്ളിയാഴ്ച ദിവസം അഞ്ചാം വർഷത്തിലാണ് (എ.ഡി627) പള്ളി നിർമ്മിച്ചതെന്ന് പ്രസ്താവിച്ചുകൊണ്ട് ഇസ്ലാമിന്റെ ആഗമനം പ്രവാചകന്റെ കാലത്ത് ഉണ്ടായിട്ടുണ്ട് എന്നതിനെ അദ്ദേഹം തെളിയിക്കുന്നു. അഥവാ മാലിക് ബിനു ദീനാറും സംഘവും മലബാറിൽ എത്തുന്നതിനു മുമ്പ് തന്നെ മാടായി പള്ളി നിർമ്മിച്ചതായി പറയപ്പെട്ട ശിലാലിഖിതത്തിൽ രേഖപ്പെടുത്തുന്നത് അനുമാനിക്കാവുന്നതാണ്. പിന്നീട് അതിനെ പുനരുദ്ധീകരിക്കുക മാത്രമാണ് മാലിക് ബിൻ ദിനാറും ദൗത്യസംഘവും ചെയ്തതെന്ന് അനുമാനിക്കുന്നു. ഈ അറബി ലിഖിതം എഴുതപ്പെട്ട പ്രതലത്തെ ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ ചരിത്രകാരന്മാർക്കിടയിൽ ഉണ്ടായിട്ടുണ്ട്. ചെമ്പിനാലുള്ള പ്രതലത്തിലാണെന്നുള്ള എംജിഎസിന്റെ പ്രസ്താവനയെ എതിർത്തുകൊണ്ട് അബ്ദുള്ള അഞ്ചിലാത്ത് അതു രേഖപ്പെടുത്തിയത് കറുത്ത മരപ്പലകയിലാണെന്ന് വാദിക്കുന്നു. അഞ്ചിലത്തിന്റെ വാദത്തിന് പിൻബലമായി 1953-54 ൽ നടന്ന എപ്പിഗ്രഫി നിരീക്ഷണത്തിൽ ആനുവൽ റിപ്പോർട്ട് ഓഫ് ഇന്ത്യൻ എപ്പിഗ്രഫിയുടെ നിരീക്ഷണത്തെ എടുത്ത് അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. അബ്ദുള്ള അഞ്ചിലാത്ത് പ്രസ്താവിക്കുന്നത് പ്രകാരം, യഥാർത്ഥത്തിൽ ചരിത്രകാരന്മാർ മലബാറിൽ ഇസ്ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ ഉദ്ധരണികളെയാണ് അവലംബമാക്കിയതെന്നും അതിനു കാരണം ലിഖിത വിസങ്കേതനം ചെയ്തുകൊണ്ട് നിരീക്ഷണം നടത്താൻ അവർക്കതിൽ പരിജ്ഞാനം ഇല്ലായിരുന്നു എന്നുള്ള വിമർശനവും അദ്ദേഹം നടത്തുന്നു.


എങ്കിലും മലബാറിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് സാഹചര്യ തെളിവുകൾക്കപ്പുറം ഒരു പ്രബലമായ തെളിവുദ്ധരിക്കാൻ ആർക്കും സാധിച്ചിട്ടില്ല. പലരും മറ്റുള്ളവരുടെ അഭിപ്രായത്തെ അവലംബമാക്കികൊണ്ട് രേഖപ്പെടുത്തി വെക്കുന്നു. ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം കൈക്കൊള്ളേണ്ട പ്രധാന ഗവേഷണ രീതി എപിഗ്രിഫിക്കൽ ഗവേഷണവും, പുരാവസ്തു ഉത്ഖനനവുമാണ്. പ്രശസ്ത ചരിത്രകാരനായ ഡോ. മഹ്മൂദ് കൂരിയ അഭിപ്രായപ്പെടുന്നത് പ്രകാരം കിഴക്കൻ ആഫ്രിക്കയിലും മറ്റുമായി നടന്ന പുരാവസ്ത്തു ഉത്ഖനനം പറയപ്പെടുന്ന പ്രവാചകന്റെ കാലത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ചരിത്രത്തിൽ എണ്ണപ്പെട്ട മലബാറിലെ പ്രധാന പ്രദേശങ്ങളിൽ നടത്തേണ്ടതായിട്ടുണ്ട്. അതോടൊപ്പം തന്നെ അറബികൾക്കിടയിൽ പ്രചാരമുള്ള അറബി ഭാഷയെയും അതിൽ എഴുതപ്പെട്ട ലിഖിതങ്ങളെയും വളരെ കൃത്യമായിട്ട് വിസങ്കേതനം ചെയ്യേണ്ടതുമായിട്ടുണ്ട്. പല ചരിത്രകാരന്മാരുടെയും പ്രസ്താവനകളിൽ വർഷങ്ങളുടെ കണക്ക് വ്യത്യാസപ്പെടുന്നത് മറ്റുള്ളവരെ അവലംബമാക്കി കൊണ്ടുള്ള ഉദ്ധരണികൾ രേഖപ്പെടുത്താൻ ശ്രമിച്ചതുകൊണ്ടാണന്ന് അദ്ദേഹം നിരീക്ഷണം നടത്തുന്നു. ശക്തമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി മലബാറിലെ ഇസ്ലാമിന്റെ ആവിർഭാവത്തെ കുറിച്ചു ഇനിയും ധാരാളം പഠനങ്ങൾ നടക്കേണ്ടതുണ്ട്. ഇത്തരം ഗവേഷണങ്ങളിലെ വിടവുകൾ തീർക്കേണ്ടത് അറബി ഭാഷയും മറ്റു തെക്കൻ ഇന്ത്യൻ ഭാഷകളും ഇസ്ലാമിക വിജ്ഞാനവും സ്വായത്തമാക്കിയ ഗവേഷണ വിദ്യാർത്ഥികൾ തന്നെയാണ്. വിദേശങ്ങളിലും മറ്റും ഉയർന്ന വെല്ലോഷിപ്പോടു കൂടെ പ്രാദേശിക തലത്തെ പഠിക്കാനുള്ള അവസരങ്ങൾ നൽകി വരുന്നത് പ്രാദേശിക തലത്തിലെ വിജ്ഞാനീയങ്ങളുടെ പ്രാധാന്യം എത്രത്തോളമുണ്ട് എന്നതിനെ അളക്കുന്നു.

About muhammed midlaj c

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 Comments :

Post a Comment